പാമ്പുകളെ തിരിച്ചറിയാൻ ?

aUnnikrishnan Nair P K

Podcast: Dr Deepu Sadasivan

പാമ്പുകളെക്കുറിച്ചുള്ള പഠനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവയെ കൃത്യമായി തിരിച്ചറിയുക എന്നുള്ള കാര്യം. പലപ്പോഴും ജീവന്റെ വിലയുണ്ടായിരിക്കും ഈ കാര്യത്തിന്. ലോകപ്രശസ്തരായ ചില പാമ്പുഗവേഷകർ പോലും വിഷപ്പാമ്പുകളെ വിഷമില്ലാത്തവയെന്ന് തെറ്റിദ്ധരിച്ച് കൈകാര്യം ചെയ്ത് കടി വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പാമ്പുകളെ കൃത്യമായി ഇനം തിരിച്ചറിയുക എന്നുള്ള കാര്യം അങ്ങേയറ്റം പ്രാധാന്യമുള്ള ഒന്നാണ്.

പാമ്പുകളുടെ തലയിലെ വലിയ ഷീൽഡുകളുടെ വിന്യാസക്രമം, മേൽചുണ്ടിലെ ഷീൽഡുകളുടേയും കീഴ്ചുണ്ടിലെ ഷീൽഡുകളുടേയും എണ്ണം, ചില ഷീൽഡുകളുടെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ മറ്റു പ്രത്യേകതകളോ, ശരീര ശൽക്കങ്ങളുടെ എണ്ണം, പല്ലുകളുടെ സ്ഥാനവും എണ്ണവും എന്ന് തുടങ്ങിയുള്ള പല കാര്യങ്ങളും കൃത്യമായി പരിശോധിച്ചാണ് ശാസ്ത്രീയമായി പഠിക്കുന്നവർ അവയുടെ ഇനം തിരിച്ചറിയുന്നത്.

പക്ഷെ, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതിൽ പലതും എളുപ്പമല്ല. കാരണം, അവർ അല്പം അകലെ നിന്നാണ് പാമ്പുകളെ മിക്കവാറും കാണുക. മാത്രമല്ല പാമ്പ് ഇഴഞ്ഞ് പോകുകയായിരിക്കും. അതിനിടയിൽ ശൽക്കങ്ങളുടെ എണ്ണമെടുക്കാനോ തലയിലെ ഷീൽഡുകൾ ശ്രദ്ധിക്കാനോ ഒന്നും കഴിയണമെന്നില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്ക് പാമ്പിനെ ഏകദേശമായിട്ടാണെങ്കിൽ കൂടി എങ്ങനെ തിരിച്ചറിയാൻ കഴിയുമെന്ന് നോക്കാം.

നമുക്ക് വളരെ പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിയുന്ന കാര്യം പാമ്പിന്റെ ശരീരത്തിലെ അടയാളങ്ങളാണ്. ഇത് പലപ്പോഴും മാറിവരാറുള്ളതു കൊണ്ടും ചിലപ്പോൾ തീരെ ഇല്ലാതെ വന്നേക്കാമെന്നതു കൊണ്ടും ശാസ്ത്രീയപഠനത്തിൽ പാമ്പിനെ തിരിച്ചറിയാൻ ഇത് ഉപയോഗിക്കാറില്ല. മറ്റൊന്ന് അതിന്റെ തലയുടെ ആകൃതിയാണ്. ത്രികോണാകൃതിയാണോ ഉരുണ്ടതാണോ മുൻഭാഗം കൂർത്തതാണോ കഴുത്ത് ഇടുങ്ങിയതാണോ തലയുടെ മുകളിൽ എന്തെങ്കിലും അടയാളങ്ങളോ മറ്റോ ഉണ്ടോ എന്നു തുടങ്ങിയുള്ള എല്ലാ കാര്യങ്ങളും നമുക്ക് ശ്രദ്ധിക്കാൻ കഴിയും. അതുപോലെ, തല വ്യക്തമായി കാണുന്നുണ്ടെങ്കിൽ നമുക്ക് കണ്ണുകളുടെ പ്രത്യേകത നോക്കാം. കണ്ണിന്റെ നിറം, കൃഷ്ണമണിയുടെ ആകൃതി, കണ്ണിന്റെ സ്ഥാനം അങ്ങനെയുള്ള കാര്യങ്ങൾ.

പിന്നെ, ശരീരം… ശരീരം തടിച്ചതാണോ മെലിഞ്ഞതാണോ, കുറുകിയതാണോ നീളമുള്ളതാണോ മെലിഞ്ഞ് നീണ്ടതാണോ ശരീരത്തിനു പുറത്ത് അടയാളങ്ങൾ എന്തെങ്കിലും ഉണ്ടോ, ഉണ്ടെങ്കിൽ എന്താണ്, ശരീര ശൽക്കങ്ങൾ പരുക്കനാണോ മിനുസമുള്ളവയാണോ മറ്റെന്തെങ്കിലും പ്രത്യേകതകളുണ്ടോ, ശരീരത്തിന്റെ ആകൃതി കുഴൽ പോലെയാണോ പരന്നതാണോ ത്രികോണാകൃതിയാണോ (അതായത് ശരീരം വിലങ്ങനെ മുറിച്ചാൽ മുറിച്ച ഭാഗത്തിന്റെ ആകൃതി), ശരീരം പൂർണ്ണമായും ശൽക്കാവൃതം തന്നെയാണോ, വാൽ കുറുകിയതാണോ, നീളമുള്ളതാണോ, ശൽക്കങ്ങളുടെ വിന്യാസക്രമത്തിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ, അവയുടെ ആകൃതിയെന്താണ് എന്നു തുടങ്ങിയുള്ള കാര്യങ്ങളെല്ലാം നമുക്ക് ശ്രദ്ധിക്കാൻ കഴിയും. ഇങ്ങനെ ശ്രദ്ധിച്ചാൽ, ഒന്നിലധികം പ്രത്യേകതകൾ ഒരുമിച്ച് കണക്കിലെടുത്ത്, ഏതു പാമ്പാണ് അതെന്നുള്ള കാര്യം ഏകദേശം നമുക്ക് മനസ്സിലാക്കിയെടുക്കുകയും ചെയ്യാം.

ഉദാഹരണമായി നമുക്ക് മൂർഖനെ നോക്കാം.

മൂർഖനെ മുന്നിൽ കണ്ടാൽ ഒറ്റനോട്ടത്തിൽ നമ്മൾ തിരിച്ചറിയും, അത് പത്തിവിടർത്തിയാണ് നിൽക്കുന്നതെങ്കിൽ. പത്തി വിടർത്താതെ തലതാഴ്ത്തി വെച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ നമുക്ക് നേരത്തെ പറഞ്ഞതുപോലെ തലയും ശരീരവും വാലുമൊക്കെ ശ്രദ്ധിക്കാം. തല വശങ്ങളിലേക്ക് ഇത്തിരിയൊന്ന് പരന്നിട്ടാവും. നല്ല മിനുസമുള്ള ശൽക്കങ്ങളാണ് തലയിൽ. ഉരുണ്ടു കറുത്ത കണ്ണുകൾ. തലയിലെ വലിയ ശൽക്കങ്ങളുടെ അതിരുകളിൽ പലപ്പോഴും ഇത്തിരി പടർന്ന കറുപ്പ് നിറം. കഴുത്തിൽ നിന്ന് ഇത്തിരി പിന്നിലേക്ക് മാറി അവ്യക്തമായി ഫണത്തിന്റെ അടയാളം കാണാം. ഇത് ചിലപ്പോൾ തീരെ ഇല്ലാതിരിക്കാം. ശരീര ശൽക്കങ്ങൾക്ക് പൊതുവെ ഗോതമ്പുമണിയുടെ ആകൃതിയാവും. ശരീരത്തിലെ ശൽക്കങ്ങളുടെ വിന്യാസക്രമം കഴുത്തിനോടടുത്തുള്ള ഭാഗങ്ങളിൽ പ്രത്യേകിച്ചും, അടിഭാഗം ഇടുങ്ങിയ ഇംഗ്ലീഷ് "V" അക്ഷരത്തിന്റെ ആകൃതിയിലാവും. വാൽ നീണ്ടുകൂർത്തത് ആയിരിക്കും. ശരീരത്തിന്റെ നിറം കറുപ്പോ, ഗോതമ്പുനിറമോ, തവിട്ടോ, ചാരനിറമോ ഒക്കെ ആകാം. ഇങ്ങനെയുള്ളവയിൽ ഒന്നിലേറെ, കഴിയുമെങ്കിൽ എത്രയാകാമോ അത്രയധികം അടയാളങ്ങൾ ഒരുമിച്ച് കണക്കിലെടുത്ത് നമുക്ക് മൂർഖനെ തിരിച്ചറിയാൻ കഴിയും.

വെള്ളിക്കെട്ടൻ

കഴുത്തിനെക്കാൾ അല്പം മാത്രം വീതികൂടിയ തല, മിനുസമുള്ള ശൽക്കങ്ങൾ, കറുത്ത കണ്ണുകൾ, കറുപ്പോ നീല കലർന്ന കറുപ്പോ തവിട്ടു കലർന്ന കറുപ്പോ ഒക്കെ നിറമുള്ള ശരീരം. കഴുത്തിൽ നിന്ന് കുറച്ചുദൂരം പിന്നിലേക്ക് മാറി തുടങ്ങുകയും വാലറ്റം വരെ തുടരുകയും ചെയ്യുന്ന ഒറ്റയോ ഇരട്ടയോ ആയ വെളുത്ത വളയങ്ങൾ. ഇത് ചിലപ്പോൾ തീരെ ഇല്ലാതിരിക്കുകയോ മുതുകത്ത് വെളുത്ത കുത്തുകൾ പോലെ മാത്രം കാണപ്പെടുകയോ ചെയ്തേക്കാം. നട്ടെല്ലിന് മുകളിൽ കഴുത്ത് മുതൽ വാൽ വരെയുള്ള ഒരു നിര ശൽക്കങ്ങൾ മറ്റ് ശൽക്കങ്ങളേക്കാൾ വലുതും ഷഡ്ഭുജാകൃതിയുള്ളതും ആണ്. നീളം കുറഞ്ഞ കൂർത്ത വാൽ. വിലങ്ങനെ മുറിച്ചാൽ മുറിക്കുന്ന ഭാഗത്തിന് ത്രികോണാകൃതി തോന്നിക്കുന്ന തരത്തിലുള്ള ശരീരം.

അണലി

ത്രികോണാകൃതിയുള്ള തല, ഇടുങ്ങിയ കഴുത്ത്, തലയുടെ മുകളിൽ ചെറിയ പരുക്കൻ ശൽക്കങ്ങൾ, വലിയ നാസാദ്വാരങ്ങൾ, ലംബാകൃതിയിലുള്ള കൃഷ്ണമണി, തലയ്ക്ക് മുകളിൽ തലതിരിഞ്ഞ വെളുത്ത ഒരു "V" അടയാളം, ദീർഘവൃത്താകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള ഒരു ജോടി ഇരുണ്ട തവിട്ട് നിറത്തിലുള്ള അടയാളങ്ങൾ, കണ്ണിന് പിന്നിൽ താഴേക്ക് ആയി ത്രികോണാകൃതിയുള്ള രണ്ട് ഇരുണ്ട് തടിച്ച അടയാളങ്ങൾ, തവിട്ടുനിറത്തിലുള്ള കുത്തുകൾ പോലെ അടയാളങ്ങളുള്ള മേൽചുണ്ട്-കീഴ്ചുണ്ട് ശൽക്കങ്ങൾ, തടിച്ച പരുക്കൻ ശരീരം, നടുഭാഗം മടങ്ങിയുയർന്ന (keeled) ശൽക്കങ്ങൾ കൊണ്ട് മൂടിയ ശരീരം, ശരീരത്തിൽ മൂന്നുനിര ചങ്ങല വളയങ്ങൾ, നീളം കുറച്ചൊന്ന് കുറഞ്ഞ വാൽ.

ചുരുട്ടമണ്ഡലി

കഴുത്തിനേക്കാൾ വീതികൂടിയ, ചെറിയ പരുക്കൻ ശൽക്കങ്ങൾ നിറഞ്ഞ തല, വലിയ ലംബാകൃതിയിൽ കൃഷ്ണമണിയുള്ള കണ്ണുകൾ, തലയുടെ മുകളിൽ വെളുത്ത ഒരു ത്രിശൂല അടയാളം, തടിച്ച് കുറുകിയ ശരീരം, നടുഭാഗം മടങ്ങിയുയർന്ന ചെറിയ പരുക്കൻ ശൽക്കങ്ങൾ, പുറത്ത് അവ്യക്തമായ ഇരുണ്ട അടയാളങ്ങൾ, വളരെ നീളം കുറഞ്ഞ വാൽ.

മുഴമൂക്കൻ കുഴിമണ്ഡലി

കഴുത്തിനേക്കാൾ വീതികൂടിയ ത്രികോണാകൃതിയുള്ള പരന്ന തല, തലയുടെ മുകളിൽ മുൻഭാഗത്ത് വലിപ്പം കൂടിയ ശൽക്കങ്ങൾ. ലംബാകൃതിയിലുള്ള കൃഷ്ണമണികൾ. കണ്ണിനും മൂക്കിനുമിടയിൽ താപസംവേദന സുഷിരങ്ങൾ. തലയുടെ വശങ്ങളിൽ കറുപ്പു നിറവും തലയ്ക്ക് തവിട്ടു നിറവും. ഇതിന്റെ രണ്ടിന്റേയും ഇടയിൽ ഇളം മഞ്ഞയോ വെളുപ്പോ നിറമുള്ള വ്യക്തമായ വേർതിരിവ്. ചെറിയ ഒരു മുഴ പോലെ, ഇത്തിരിയൊന്നു മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന നാസാഗ്രം. മിനുസമുള്ളതോ വളരെ ചെറുതായി നടുഭാഗം മടങ്ങിയതോ ആയ ശരീര ശൽക്കങ്ങൾ. ചുവപ്പു കലർന്ന തവിട്ടു നിറമോ ചാരനിറമോ ഒക്കെ ഉള്ള, അടയാളങ്ങളുള്ള നീളം കുറഞ്ഞ ശരീരം. കഴുത്തിൽ മിക്കവാറും രണ്ട് ഇരുണ്ട വരകളുണ്ടാവും. നീളം കുറഞ്ഞ മെലിഞ്ഞ വാലിന്റെ അറ്റത്ത് മഞ്ഞയോ ചുവപ്പു കലർന്ന തവിട്ടോ നിറം.

കേരളത്തിൽ കാണപ്പെടുന്ന ചില പാമ്പുകളുടെ പ്രത്യേകതകളാണ് വിവരിച്ചത്. കാണുമ്പോൾ ഉള്ള വ്യത്യാസം പോലെ തന്നെ ഓരോ പാമ്പുകളുടേയും പെരുമാറ്റരീതികളും ആവാസവ്യവസ്ഥയെ സംബന്ധിച്ച വിവരങ്ങളും എവിടെയൊക്കെ കാണപ്പെടാം എന്നുള്ള വിവരങ്ങളും പലപ്പോഴും പാമ്പുകളെ തിരിച്ചറിയാൻ സഹായകമാകും.

പൊഴിച്ച പടത്തിൽ നിന്ന് പാമ്പിനെ തിരിച്ചറിയാൻ സാധിക്കുമോ ?

പാമ്പുകൾ പൊഴിച്ച പടത്തിൽ നിന്നോ, അതിന്റെ ചിത്രത്തിൽ നിന്നോ പാമ്പ് ഏതെന്ന് തിരിച്ചറിയാമോ എന്ന ചോദ്യം വളരെ സാധാരണമാണ്. പൊഴിച്ച പടത്തിൽ നിന്ന് കൃത്യമായ ഇനം തിരിച്ചറിയൽ എളുപ്പമല്ല. എങ്കിലും അത് അസാദ്ധ്യമൊന്നുമല്ല.

തലയിലെ ഷീൽഡുകളുടെ വിന്യാസക്രമം, മേൽചുണ്ടിലെ ഷീൽഡുകളുടെ എണ്ണം, കഴുത്തിനു പിറകിലെ ശരീര ശൽക്കങ്ങളുടെ എണ്ണം, നടുഭാഗത്തെ ശരീര ശൽക്കങ്ങളുടെ എണ്ണം, വാൽ തുടങ്ങുന്നതിന് മുമ്പുള്ള ശരീര ശൽക്കങ്ങളുടെ എണ്ണം തുടങ്ങിയവയൊക്കെ കൃത്യമായി ലഭിച്ചാൽ പാമ്പ് ഏതെന്ന് തിരിച്ചറിയാൻ സാധിക്കുന്നതേയുള്ളൂ.

പക്ഷേ, പാമ്പ് പൊഴിച്ചിടുന്ന പടത്തിൽ നിന്ന് ഇത്രയുമൊക്കെ കാര്യങ്ങൾ കൃത്യമായി കിട്ടാനുള്ള സാദ്ധ്യത വളരെ വളരെ കുറവാണ്. ഒന്നാമതായി പാമ്പ് പടം പൊഴിക്കുമ്പോൾ അത് അകംപുറം മറിയും. ഇങ്ങനെ അകംപുറം മറിയുമ്പോൾ അതിലെ ചില ശൽക്കങ്ങളെങ്കിലും ചുളുങ്ങി മടങ്ങുകയോ പൊട്ടിപ്പോകുകയോ ഒട്ടിപ്പിടിക്കുകയോ ഒക്കെ ചെയ്യാൻ സാധ്യതയുണ്ട്. മഴ നനയുക കൂടി ചെയ്താൽ പറയാനുമില്ല.

മറ്റൊരു കാര്യം ഉറുമ്പ്, ചിലയിനം പക്ഷികൾ തുടങ്ങിയവയ്ക്ക് ഇത് പ്രിയപ്പെട്ട ഒരു ആഹാരമാണെന്നുള്ളതാണ്. കിട്ടുന്ന പാമ്പിൻപടം ഉറുമ്പുകളും പക്ഷികളും ആഹാരമാക്കിയതിന്റെ ബാക്കിയായിരിക്കാം. ഇനിയൊരു പ്രശ്നം കല്ലിലോ, ചില്ലകളിലോ, പരുക്കൻ പ്രതലങ്ങളിലോ ഒക്കെ ഒട്ടിപ്പിടിച്ചിരിക്കുന്ന പാമ്പിൻപടം നമ്മൾ വലിച്ചെടുക്കുമ്പോൾ പൊട്ടിപ്പോകാമെന്നുള്ളതാണ്.

ഇതൊന്നും സംഭവിക്കാതെ വെറുതെ കിടക്കുന്ന ഒരു പാമ്പിൻപടം പോലും രണ്ടുമൂന്നു ദിവസം കൊണ്ട് ദ്രവിച്ച് പൊടിഞ്ഞു തുടങ്ങും. ഇങ്ങനെയൊന്നുമല്ലാത്ത, വളരെ പുതിയ ഒരു പാമ്പിൻപടം കിട്ടിയാലേ കാര്യം നടക്കൂ എന്ന് സാരം.

പാമ്പ് പൊഴിച്ച പടത്തിന്റെ ഫോട്ടോയിൽ നിന്ന് ഇനം തിരിച്ചറിയൽ കൂടുതൽ പ്രയാസമാണ്. മുകളിൽ വിവരിച്ച പ്രത്യേകതകളെല്ലാം അടങ്ങിയ ഒന്നിലേറെ ഫോട്ടോകൾ വിലയിരുത്താതെ കൃത്യമായ തിരിച്ചറിയൽ സാധ്യമല്ല.