Myths & Hoaxes (കെട്ടുകഥകളും അന്ധവിശ്വാസങ്ങളും)

aUnnikrishnan Nair P K,
Umesh Pavukandy, Sandeep Das &
Jinesh P S

Podcast: Krishnapriya T Johny

പാമ്പുകളെ കുറിച്ചുള്ള പൊലിപ്പിച്ച കഥകളും വേരുറച്ച വിശ്വാസങ്ങളും എല്ലാ നാടുകളിലും ഉണ്ട്. അവയിൽ പലതും നിരുപദ്രവകരമാണെങ്കിലും ചിലതൊക്കെ അപകടകരമാണ്. തെറ്റായ കഥകൾ വിശ്വസിച്ച്, ശരിയായ ചികിത്സ നിഷേധിക്കപ്പെടുകയോ വൈകുകയോ ചെയ്ത് ജീവൻ നഷ്ട്ടപ്പെടുന്ന സംഭവങ്ങൾ ഇപ്പോഴും നടമാടുന്നുണ്ട്. നമ്മളുടെ നാട്ടിൽ ജനങ്ങളുടെ ഇടയിൽ പൊതുവെ പറഞ്ഞു കേൾക്കുന്ന ചില അന്ധവിശ്വാസങ്ങൾ ഒന്ന് വിലയിരുത്തി നോക്കാം.

പാലിലെ മാംസ്യം (പ്രോട്ടീൻ) ദഹിപ്പിക്കാനുള്ള ശേഷി പാമ്പിന്റെ ദഹനവ്യവസ്ഥയ്ക്ക് ഇല്ല. നിർജലീകരണം മൂലം ക്ഷീണിച്ച അവസ്ഥയിലുള്ള പാമ്പ് ഒരുപക്ഷേ കൊടുക്കുന്ന പാൽ കുടിച്ചേക്കാം. എങ്കിലും അത് പാമ്പിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ട് പാമ്പ് പാൽ കുടിക്കും എന്ന പ്രയോഗം യാഥാർത്ഥ്യ വിരുദ്ധമാണ്.

പാമ്പുകൾക്ക് മറ്റ് ജീവികൾക്ക് ഉള്ളത് പോലുള്ള ചെവികൾ ഇല്ല. നാക്ക് പുറത്തേക്ക് നീട്ടിയും, ചലിക്കുന്ന പ്രതലത്തിന്റെ കമ്പനം വയർ ഭാഗം വഴി തിരിച്ചറിഞ്ഞും ആണ് പാമ്പുകൾ ചുറ്റുപാടുകളെ മനസ്സിലാക്കുന്നത്. കൂടാതെ അണലി വർഗത്തിൽപെട്ട പാമ്പുകൾക്കും പെരുമ്പാമ്പുകൾക്കും കണ്ണിനും മൂക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വാരങ്ങൾ (Heat sensing pits) വഴിയും ചുറ്റുപാടുകൾ മനസ്സിലാക്കാൻ കഴിയുന്നു. പാമ്പിന് നല്ല കാഴ്ചശക്തി ഉണ്ട്. പാമ്പാട്ടി മകുടി ചലിപ്പിക്കുന്നത് കണ്ടാണ് പാമ്പുകൾ ചലിക്കുന്നത്.

മനുഷ്യർ വിളിച്ചാൽ മനസ്സിലാക്കി വരുന്ന ജീവികൾ അല്ല പാമ്പുകൾ. മാത്രമല്ല കടിച്ച പാമ്പ് ഒന്നുകൂടി കടിച്ചാൽ വിഷം ശരീരത്തിൽ കൂടുതൽ കയറുകയാണ് ചെയ്യുന്നത്. കൂടുതൽ പെട്ടെന്ന് മരണം സംഭവിക്കുക എന്നതാണ് ഫലം. കടിച്ച പാമ്പിനെ തിരിച്ചു വിളിക്കാനോ വീണ്ടും കടിപ്പിച്ച് വിഷമിറക്കിക്കാനോ സാധിക്കില്ല.

നമ്മുടെ കാടുകളിൽ പൂവൻ കോഴിയെ പോലെ തലയിൽ പൂവുള്ള ഒരു പാമ്പ് ഉണ്ടെന്നും അവ കോഴികളെപ്പോലെ പോലെ കൂവാൻ കഴിവുള്ളവയാണ് എന്നും ഒരു അന്ധവിശ്വാസം ഉണ്ട്. നാട്ടുമ്പുറങ്ങളിൽ വാമൊഴിയായി പ്രചരിച്ചു പോരുന്ന ഒരു കെട്ടുകഥയാണ് കരിങ്കോളി എന്ന വിശ്വാസം. ഇങ്ങനെ ഒരു പാമ്പിനെ കുറിച്ചുള്ള ശാസ്ത്രീയമായ തെളിവുകളോ രേഖകളോ ഇല്ല. പാമ്പുകൾക്ക് തലയിൽ ശൽക്കങ്ങൾ അല്ലാതെ മറ്റൊന്നുമില്ല. കൂടാതെ ചിലയിനം പാമ്പുകളെ പ്രകോപിപ്പിച്ചാൽ ശീൽക്കാര ശബ്ദങ്ങൾ പുറപ്പെടുവിക്കും. ചില പാമ്പുകൾക്ക് ശരീരശൽക്കങ്ങൾ തമ്മിൽ ഉരസി ശബ്ദം ഉണ്ടാക്കാൻ ഉള്ള കഴിവുണ്ട്. ഇതൊഴിച്ചാൽ മറ്റു ശബ്ദങ്ങൾ ഒന്നും തന്നെ പാമ്പുകൾ ഉണ്ടാക്കുന്നില്ല.

ഒരു പാമ്പിനെ ഉപദ്രവിച്ചാൽ അതിന്റെ ഇണ ഉപദ്രവിച്ച ആളെ കടിക്കും എന്ന് പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ ഓർമ്മിച്ച് വെക്കാനുള്ള കഴിവ് അല്പംപോലും പാമ്പുകൾക്ക് ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതുപോലെ തന്നെ ഉപദ്രവിക്കപ്പെട്ടാൽ തലമുറകളോളം സർപ്പശാപം ഉണ്ടാകും, പാമ്പുകൾ പ്രതികാരം ചെയ്യും എന്നതൊക്കെ കെട്ടുകഥകൾ മാത്രമാണ്.

കൊത്തിയ പാമ്പിന്റെ വിഷത്തിന്റെ വീര്യം, ശരീരത്തിൽ കുത്തിവെക്കപ്പെട്ട വിഷത്തിന്റെ അളവ്, കടിയേറ്റ വ്യക്തിയുടെ ആരോഗ്യ അവസ്ഥ തുടങ്ങിയവയാണ് കടിയേറ്റ വ്യക്തിയുടെ ശരീരത്തിൽ വിഷം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ നിർണയിക്കുന്നത്. ശരിയായ പ്രഥമ ശുശ്രൂഷ, വൈകാതെ ശാസ്ത്രീയമായ ചികിത്സ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾകൊണ്ട് അപകടാവസ്ഥ തരണം ചെയ്യാൻ സാധിക്കും. കടിച്ച പാമ്പ് മരത്തിൽ തൂങ്ങി കിടന്നാലും ഇല്ലെങ്കിലും ഇതിൽ വ്യത്യാസം വരുന്നില്ല.

പാമ്പുകൾ സാധാരണ മനുഷ്യ സാമീപ്യം ഇഷ്ടപ്പെടുന്നവരല്ല. മനുഷ്യരിൽ നിന്ന് പരമാവധി അകന്ന് ജീവിക്കാൻ ആണ് പാമ്പുകൾക്ക് താല്പര്യം. എന്നാൽ പ്രകോപിപ്പിച്ചാൽ സ്വന്തം സംരക്ഷണത്തിനായി പാമ്പുകൾ പ്രതികരിക്കാറുണ്ട്. ഭയപ്പെടുത്തുന്ന ചേഷ്ടകൾ കാണിക്കുകയും, കടിക്കുകയും, വരിഞ്ഞു മുറുക്കുകയും ഒക്കെയാണ് പൊതുവായ ചേഷ്ടകൾ. ചേരകൾ വാല് കൊണ്ട് കുത്തും എന്നത് ഒരു കെട്ടുകഥയാണ്.

ചേരക്ക് പാലിലെ പ്രോട്ടീൻ ദഹിപ്പിക്കാനുള്ള കഴിവില്ല. പശുവിന്റെ അകിടിൽ നിന്ന് പാല് ഊറ്റി കുടിക്കാൻ ഉള്ള കഴിവും ചേരക്കില്ല.

ഉഭയ വർഗ്ഗത്തിൽപ്പെട്ട (സിസിലിയൻ) ജീവികളേയും പാമ്പ് വർഗ്ഗത്തിലെ ചില കവചവാലൻ (Shiledtail species) പാമ്പുകളേയും worm snakes വിഭാഗത്തിൽപ്പെട്ട പാമ്പുകളേയും പല സ്ഥലങ്ങളിലും കുരുടി എന്ന് വിളിക്കാറുണ്ട്. ഇവയ്ക്ക് ഒന്നിനും വിഷം ഇല്ല എന്നതാണ് യാഥാർത്ഥ്യം. മനുഷ്യരെ കടിക്കാൻ സാധിക്കുന്നത്ര വലിയ വായോ വലിയ പല്ലുകളോ ഇവർക്കില്ല. അതുകൊണ്ട് കുരുടി കടിച്ച് മരണം സംഭവിക്കും എന്നത് ഒരു കെട്ടുകഥ മാത്രമാണ്.

മഞ്ഞ നിറത്തിലുള്ള ചേരയെ ചില സ്ഥലങ്ങളിൽ മഞ്ഞച്ചേര എന്ന് വിളിക്കാറുണ്ട്. ഇവയും ചേര വർഗ്ഗത്തിലുള്ള പാമ്പുകൾ തന്നെ. ഇവർക്കും വിഷമില്ല. ഇവർ മലർന്നോ കമിഴ്ന്നോ കടിച്ചാലും കടിയേറ്റ വ്യക്തിക്ക് വിഷം ഏൽക്കില്ല. അതുകൊണ്ടുതന്നെ മലയാളത്തിൽ മരുന്നില്ല എന്നുള്ള പ്രയോഗം തെറ്റാണ്. ഇവരുടെ കടിയേറ്റാൽ അണുബാധ ഉണ്ടാവാനുള്ള സാധ്യത മാത്രമാണ് ഉള്ളത്. അതിനുള്ള ചികിത്സ ലഭ്യവുമാണ്.

വിഷമില്ലാത്ത പാമ്പായ നീർക്കോലിയുടെ കടിയേറ്റാൽ പോലും മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാകാം എന്ന് മനസ്സിലാക്കാൻ വേണ്ടിയുള്ള ഒരു പഴഞ്ചൊല്ലാണ്. വളരെ നിസ്സാരമായ പ്രശ്നങ്ങൾ മൂലവും മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാവാം എന്നതാണ് ഈ ചൊല്ലിന്റെ അർത്ഥം. അതല്ലാതെ വാച്യാർത്ഥത്തിൽ എടുക്കേണ്ടതില്ല. ഇത് തെറ്റായി വ്യാഖ്യാനിച്ച് നീർക്കോലിയുടെ കടിയേറ്റാൽ അത്താഴം പാടില്ല എന്ന് കരുതുന്നവരുണ്ട്. അത് തെറ്റായ ധാരണയാണ്. നീർക്കോലി കടിച്ചാലും അത്താഴം കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.

ചേരയും മൂർഖനും രണ്ട് സ്പീഷീസ് ആണ്. ഇവർക്ക് തമ്മിൽ ശാരീരിക ബന്ധത്തിലൂടെ ഇണചേരാൻ സാധിക്കില്ല. മാത്രമല്ല മൂർഖൻ ചിലപ്പോൾ ചേരയെ ഭക്ഷണം ആക്കാനും സാധ്യതയുണ്ട്.

ചേരയും മൂർഖനും രണ്ട് വ്യത്യസ്ത സ്പീഷീസ് ആണ്. ഇവ തമ്മിൽ ഇണ ചേരുകയില്ല. അതുകൊണ്ടുതന്നെ പൊന്നുടുമ്പ് അല്ലെങ്കിൽ ഗൗധേരം എന്ന കുഞ്ഞും ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ കടി ഏൽക്കും എന്നത് ഒരു തെറ്റിദ്ധാരണയാണ്. സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഉടുമ്പുകളെ ചിലർ പൊന്നുടുമ്പ് എന്ന് വിളിക്കാറുണ്ട്. ഇവയുടെ കടിയേറ്റാൽ അണുബാധയ്ക്കുള്ള (പഴുപ്പ് ഉണ്ടാവാൻ) സാധ്യതയുണ്ട്. അതുകൊണ്ട് ചികിത്സ തേടണം.

പാമ്പുകൾക്ക് പറക്കാനുള്ള കഴിവില്ല. ശിവനാഗം എന്ന പേരിൽ ഒരു പാമ്പും ഇല്ല. വിശ്വാസത്തിന്റെ ഭാഗമായി പാമ്പുകളെ ആരാധിക്കുന്ന മനുഷ്യരുണ്ട്. അതിന്റെ ഭാഗമായി തന്നെ ധാരാളം കെട്ടുകഥകൾ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിലൊന്നാണ് ഇത്.

പെരുമ്പാമ്പിന്റെ വിസർജ്ജനദ്വാരത്തിന്റെ ഇരുവശങ്ങളിലുമായി anal spur അഥവാ ഗുദമുള്ളുകൾ കാണപ്പെടുന്നു. ഇതുകൊണ്ട് കുത്താനുള്ള കഴിവൊന്നും പെരുമ്പാമ്പിനില്ല. ഇരയേയോ ശത്രുവിനേയോ ചുറ്റിവരിയുമ്പോൾ ചിലപ്പോൾ ഇത് അവയുടെ ശരീരത്തിൽ തട്ടിയേക്കാമെന്ന് മാത്രം.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടിരിക്കുന്ന ജീവിയാണ് പെരുമ്പാമ്പ്. ഇവയെ കൊന്ന് നെയ്യ് എടുക്കുന്നത് കുറ്റകരമാണ്. പെരുമ്പാമ്പിന്റെ നെയ്ക്ക് ഒരു അത്ഭുത ശേഷിയുമില്ല. അതു തേച്ചാൽ മുറിവ് കൂടും എന്നു പറയുന്നത് കെട്ടുകഥയാണ്. ശരീരത്തിൽ മുറിവുണ്ടായാൽ വൃത്തിയായി സൂക്ഷിക്കുകയും ചികിത്സ തേടുകയും ആണ് വേണ്ടത്.

പാമ്പ് ഇലകളുടെ അടിയിലെന്നല്ല ഒരിടത്തും പത ഊതി പിടിപ്പിക്കുകയില്ല. അതിനുള്ള കഴിവ് പാമ്പുകൾക്ക് ഇല്ല. ഇലകളുടെ അടിയിൽ കാണുന്ന പത പോലുള്ള വസ്തു ഉണ്ടാക്കുന്നത് തുപ്പൽ പ്രാണി (Spittle bug) ആണ്.

മൂർഖൻ പാമ്പുകൾ തികഞ്ഞ മാംസഭുക്കുകളാണ്. എലികളും, തവളകളും അത്തരം ചെറുജീവികളുമാണ് അവയുടെ പ്രധാന ആഹാരം. ആവണക്കിൻ കുരു മൂർഖൻ പാമ്പുകൾ ആഹാരമാക്കുകയോ വിത്ത് വിതരണം നടത്തുകയോ ചെയ്യുന്നില്ല.

ഫോട്ടോ എടുത്തു വയ്ക്കാൻ ഉള്ള ശേഷി മൂർഖന് ഇല്ല. മരിച്ച പാമ്പിന് ഇണയോട് ആശയവിനിമയം നടത്താനും സാധിക്കില്ല. എന്തെങ്കിലും സംഭവങ്ങൾ ഓർത്തു വച്ച് പ്രതികാരം ചെയ്യാനുള്ള കഴിവും പാമ്പുകൾക്ക് ഇല്ല.

ഇല്ല, ചേര വിഷമില്ലാത്ത പാമ്പാണ്. പ്രായം കൂടുമ്പോൾ മറ്റൊരു സ്പീഷീസ് ആയി മാറില്ല, വിഷവും ഉണ്ടാകില്ല.

പച്ചിലപ്പാമ്പുകൾ സാധാരണയായി കുറ്റിച്ചെടികൾ, മരങ്ങൾ, പാവൽ-പടവലം തുടങ്ങിയവയുടെ പന്തലുകൾ തുടങ്ങിയ ഇടങ്ങളിലാണ് കാണാറുള്ളത്. പലപ്പോഴും നമ്മുടെ തലയുടെ ഒപ്പം ഉയരത്തിലായിരിക്കും ഇത്തരം പന്തലുകൾ. അവയുടെ മുകളിൽ ഇരിക്കുന്ന പാമ്പുകൾ ആത്മരക്ഷാർത്ഥം തലയിലോ മുഖത്തോ കടിക്കാൻ ശ്രമിച്ചേക്കാം. ഇതാണ് ഇത്തരമൊരു അന്ധവിശ്വാസത്തിന്റെ കാരണം.

യാതൊരടിസ്ഥാനവുമില്ലാത്ത വിശ്വാസമാണിതെന്ന് പ്രത്യേകം പറയേണ്ടല്ലോ. ആദിവാസികളുടെ ഇടയിലാണ് ഈ വിശ്വാസം പ്രബലം. ഒരുപക്ഷേ പച്ചിലപ്പാമ്പിന്റെ വേഗതയായിരിക്കാം ഇങ്ങനെയൊരു വിശ്വാസത്തിന് കാരണമായത്. കൂടെ പക്ഷിയുടെ ചുണ്ടുപോലെ കൂർത്ത തലയുടെ അറ്റവും ഈ വിശ്വാസത്തിന് ഒരു കാരണമായേക്കാം.

താരതമ്യേന വലിയ പാമ്പുകളുടെ പ്രധാന ആഹാരം എലി പോലുള്ള ചെറിയ ജീവികളും തവളകളും പല്ലികളും മറ്റു പാമ്പുകളും ഒക്കെയാണ്. അപൂർവമായി പക്ഷികളുടേയും മറ്റും മുട്ടകൾ ചില പാമ്പുകൾ ആഹാരം ആക്കാറുണ്ട്. കുക്രി വിഭാഗത്തിലെ പാമ്പുകൾ വളഞ്ഞ പല്ലുകൾ കൊണ്ട് മുട്ടയുടെ തോട് മുറിച്ച്, ഉണ്ണി ഭക്ഷിക്കാറുണ്ട്. പല പാമ്പുകളും മുട്ട വിഴുങ്ങി അത് ഉള്ളിൽ വെച്ച് പൊട്ടിച്ച് അതിനുള്ളിലുള്ളവ കഴിക്കുകയും ഉടഞ്ഞ മുട്ടത്തോട് ഛർദ്ദിച്ചു കളയുകയും ചെയ്യും.

താരതമ്യേന വലിയ പാമ്പുകൾക്ക്, വലിയ ഇരയെ അകത്താക്കിയാൽ പിന്നീട് കുറച്ചു ദിവസങ്ങൾ ആഹാരം വേണ്ടിവരില്ല. അതുകൊണ്ട് ഉണ്ടായ ഒരു ചൊല്ലാണ് എന്ന് കരുതുന്നു.

ഈ വിശ്വാസം തമിഴ്നാട്ടിലും തമിഴ്നാടിനോട് ചേർന്ന കേരളത്തിന്റെ പ്രദേശങ്ങളിലുമാണ് കൂടുതൽ. അവർ കൊമ്പേറി മൂർഖൻ എന്ന് വിളിക്കുന്നത് നമ്മുടെ വില്ലൂന്നി പാമ്പിനെയാണ് (Bronzeback Tree Snake). കടിച്ച ശേഷം തലകീഴായി തൂങ്ങിക്കിടക്കും എന്നത് കെട്ടുകഥ മാത്രമാണ്. മാത്രമല്ല, അത് വിഷമില്ലാത്ത പാമ്പാണ് താനും.

പരിക്കേറ്റ പാമ്പുകൾക്ക് പോലും കടിക്കാനും വിഷം ഏൽപ്പിക്കാനുമുള്ള ശേഷിയുണ്ട്. പരിക്കുപറ്റി രണ്ടായി വേർപെട്ട പാമ്പിന് പോലും കുറച്ച് സമയത്തേക്ക് കടിക്കാനും വിഷം ഏൽപ്പിക്കാനും സാധിക്കും. ശീതരക്ത ജീവികൾ ആയ പാമ്പുകൾക്ക് ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായിവരുന്ന ഊർജ്ജം കുറവായതാണ് കാരണം എന്ന് കരുതുന്നു. എന്നാൽ ഒന്നോ രണ്ടോ മണിക്കൂറിനപ്പുറം ഇതിനുള്ള ശേഷിയില്ലാതാവും. ഈ പ്രതിഭാസം മൂലം ഉണ്ടായ വിശേഷണം ആകാനാണ് സാധ്യത.

ചില പഴയ കാല ആയുർവേദ പുസ്തകങ്ങളിലുണ്ടായിരുന്ന ഒരു തെറ്റായ വിശ്വാസമാണിത്.

തല കുറച്ചൊന്ന് ഉയർത്തി പത്തിവിരിച്ച് മുന്നിലുള്ള ശത്രുവിനെ ആഞ്ഞുകൊത്തുമ്പോഴും മറ്റും ആ ആയലിന്റെ ബലത്തിൽ പാമ്പ് കുറച്ചൊന്നു മുന്നോട്ട് തെറിച്ച് നീങ്ങിയേക്കാം. ഇത് വാലിൽ കുത്തി ചാടുന്നതായി തെറ്റിദ്ധരിക്കപ്പെട്ടതാവാം.

പരിക്കേറ്റ പത്തി ഭാഗത്ത് മുറിഞ്ഞ മൂർഖൻ പാമ്പിന് കുറച്ചുസമയത്തേക്ക് മറ്റുള്ളവരെ കടിക്കാനും വിഷം ഏൽപ്പിക്കാനും സാധിച്ചേക്കാം. എന്നാൽ സഞ്ചരിക്കാനുള്ള ശേഷി ഉണ്ടാവുകയില്ല. മുറിഞ്ഞ പത്തി പക്ഷിയെ പോലെ പറന്നു നടക്കും എന്നത് അതിശയോക്തിപരമായ വിശേഷണം മാത്രമാണ്.

ഒരുപക്ഷേ നാഗശലഭം (Atlas moth) പോലുള്ള, മൂർഖൻ പത്തിവിരിച്ച പോലെ തോന്നിക്കുന്ന ചിറകുകളുള്ള ശലഭങ്ങളാവാം യാതൊരടിസ്ഥാനവുമില്ലാത്ത ഈ വിശ്വാസത്തിന്റെ കാരണം.

നീർക്കോലി പ്രാദേശികമായി പുളവൻ എന്ന പേരിലും അറിയപ്പെടാറുണ്ട്. പൊതുവേ ജലസ്രോതസ്സുകളോട് അനുബന്ധിച്ച് ജീവിക്കുന്ന ഇവരെ കര പ്രദേശങ്ങളിലും കാണാൻ സാധിക്കും. അല്ലാതെ അത് കരപ്പുളവൻ എന്ന പുതിയൊരിനമായി മാറുകയൊന്നുമില്ല.

ഈ അന്ധവിശ്വാസത്തിന്റെ ഉല്പത്തിക്കുള്ള കാരണമെന്താണെന്നറിയില്ല. ഒരുപക്ഷേ ഉത്തരേന്ത്യയിൽ നിന്ന്, അല്ലെങ്കിൽ പാമ്പുകളെ കുറിച്ചുള്ള അതിശയോക്തിപരമായ ഹിന്ദി സിനിമകളിൽ നിന്ന് ഒക്കെയാകാം ഇങ്ങനെയൊരു തെറ്റായ വിശ്വാസം ഉരുത്തിരിഞ്ഞു വന്നത്.

ഉപേക്ഷിക്കപ്പെട്ട ചിതൽപുറ്റുകളുടെ ഉള്ളിൽ പലപ്പോഴും പാമ്പുകൾ താമസമാക്കാറുണ്ട്. മൂർഖനും അത് ചെയ്യാറുണ്ട്. മൂർഖനെ, പ്രത്യേകിച്ച് ഇത്തിരിയൊരു തിളക്കമുള്ള മഞ്ഞ നിറമുള്ളതിനെ ദിവ്യനാഗമെന്നൊക്കെ പലരും വിശേഷിപ്പിക്കാറുണ്ട്. അങ്ങനെ ദിവ്യനാഗം വസിക്കുന്ന കൂടായ ചിതൽപുറ്റിനും ദിവ്യത്വം കല്പിക്കപ്പെടുന്നു. ഇതാവും ചിതൽപുറ്റ് പൊട്ടിച്ചാൽ സർപ്പകോപമുണ്ടാകുമെന്നുള്ള തെറ്റായ വിശ്വാസത്തിന്റെ അടിസ്ഥാനം. പ്രകൃതി സംരക്ഷണത്തിന് വേണ്ടി ആളുകളിൽ ഭയം ജനിപ്പിക്കാൻ വേണ്ടിയാകാം ഇത്തരം വിശ്വാസങ്ങൾ പല സ്ഥലങ്ങളിലും പ്രചരിപ്പിച്ചിരുന്നത് എന്നും കരുതപ്പെടുന്നു.

വിഷപ്പാമ്പിന്റെ കടിയേറ്റവരിൽ പലപ്പോഴും കടിയേറ്റ ഭാഗത്തെ കോശങ്ങളിൽ necrosis എന്നറിയപ്പെടുന്ന അഴുകൽ കാണാറുണ്ട്. ഇങ്ങനെ അഴുകുന്ന കോശങ്ങൾക്ക് പകരം പുതിയവ ഉണ്ടാകാൻ സ്വാഭാവികമായും കുറച്ചു കാലതാമസം ഉണ്ടാകും. ആ സമയത്ത് അവിടെ വെളുത്ത അടയാളങ്ങൾ പാണ്ടുപിടിച്ചതു പോലെ കാണാറുണ്ട്. ഇതായിരിക്കാം അടിസ്ഥാനരഹിതമായ ഈ വിശ്വാസത്തിന്റെ കാരണം.

ഈ ഭൂമിയിൽ ഏതൊരു ജീവിവർഗത്തെ പോലെ ജീവിക്കാൻ പാമ്പുകൾക്കും അവകാശമുണ്ട്. എന്നാൽ ഭയം മൂലം മനുഷ്യർ പാമ്പുകളെ കൊല്ലാറുണ്ട്. അത് ഒഴിവാക്കാൻ വേണ്ടി പ്രചരിപ്പിക്കപ്പെട്ട ഒരു അന്ധവിശ്വാസമാകാൻ സാധ്യതയുണ്ട്. എന്തായാലും ഇതിൽ തരിമ്പും വാസ്തവമില്ല.

തലയും വാലും ഒറ്റനോട്ടത്തിൽ ഒരുപോലെ തോന്നിക്കുന്ന പാമ്പാണ് ഇരുതലയൻ മണ്ണൂലി (Red sandboa). പോരാത്തതിന് ചില പാമ്പാട്ടികൾ ഇതിന്റെ വാലിൽ കണ്ണും മൂക്കുമൊക്കെ വരച്ചുവെച്ച് കാഴ്ചക്കാരോട് ഇങ്ങനെ പറയാറുമുണ്ട്. അതാവാം തെറ്റായ ഈ വിശ്വാസത്തിന്റെ കാരണം.

തെയ്യാൻ പാമ്പുകൾ (Amphiesma stolatum) മറ്റു പാമ്പുകളേക്കാൾ കൂടുതൽ ഫിറമോണുകളുടെ സഹായത്തോടെ സഹജീവികളെ കണ്ടെത്തുന്നവയാണ്. ഒരു തെയ്യാൻ പാമ്പിനെ കൊന്നാൽ അതിന്റെ ഫിറമോൺ മണം കിട്ടുന്ന മറ്റു തെയ്യാൻ പാമ്പുകൾ ചിലപ്പോഴൊക്കെ അങ്ങോട്ട് എത്തിപ്പെടാറുണ്ട്. ഇതായിരിക്കാം ഈ വിശ്വാസത്തിന്റെ കാരണം.

മൂർഖൻ പാമ്പാട്ടികളുടെ മകുടിയുടെ ചലനത്തിനനുസരിച്ച് തലയിളക്കുന്നതാവാം ഈ വിശ്വാസത്തിന്റെ കാരണം. യഥാർത്ഥത്തിൽ പാമ്പിന് ബാഹ്യകർണ്ണങ്ങളില്ല. ചെവിയില്ലാത്ത ഒന്നിന് സംഗീതമെന്നല്ല, ഒരു ശബ്ദവും കേൾക്കാൻ കഴിയില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഹിന്ദു സമൂഹത്തിൽ നിലനിന്നുപോന്ന ശ്രേണീകൃതമായ അസമത്വത്തിൽ ഊന്നിയ ജാതീയമായ ഉച്ചനീചത്വങ്ങൾ അവർ ദിവ്യസർപ്പങ്ങളെന്ന് കരുതുന്ന പാമ്പുകളിലേക്ക് കൂടി ആരോപിച്ചതാവാം ഈ അന്ധവിശ്വാസത്തിന്റെ കാരണം. ഒരേയിനം പാമ്പുകൾ തന്നെ പല നിറങ്ങളിൽ കാണുന്നതും ചിലപ്പോൾ ഒരു കാരണം ആകാൻ സാധ്യതയുണ്ട്.

ഇതും നാഗപൂജയുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു അന്ധവിശ്വാസമാണ്.

പാമ്പിന്റെ കാഷ്ഠത്തിന് കുറച്ചു സമയത്തേക്ക് രൂക്ഷമായ അമോണിയ ഗന്ധമുണ്ട്. ഈ ഗന്ധത്തിനോട് സാദൃശ്യമുള്ള ഗന്ധമാണ് പാടവള്ളിയുടെ (Cyclea peltata) പൂ വിരിയുമ്പോഴത്തെ ഗന്ധം. സാധാരണ സന്ധ്യാസമയത്താണ് ഈ പൂ വിരിയുക എന്നുള്ളതും ഇത്തരമൊരു വിശ്വാസത്തിന് കാരണമാകാം. ശീമക്കൊന്നയുടെ (Gliricidia sepium) വാടിയ ഇലകൾക്കും ഇതേ ഗന്ധമുണ്ട്.

യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത വിശ്വാസമാണ് ഇതും.

അടിസ്ഥാനമില്ലാത്ത വിശ്വാസമാണിത്. അണലിവേഗം എന്നത് ഒരു ചെടിയാണ്, Alstonia venenata. ഇതിന് അണലിപ്പാമ്പിന്റെ വേഗതയുമായി ഒരു ബന്ധവുമില്ല. അണലിയേയെന്നല്ല, ഒരു പാമ്പിനേയും അകറ്റി നിർത്താൻ ഈ സസ്യത്തിന് കഴിവില്ല.

ഇതും തെറ്റായ വിശ്വാസമാണ്. മൂർഖൻ പാമ്പ് കൂടുതലും കരയിലാണ് അധിവസിക്കുന്നത്. എങ്കിലും മരങ്ങളിൽ കയറാൻ ഉള്ള കഴിവുണ്ട്. പക്ഷേ രാത്രികാലങ്ങളിൽ ചന്ദനമരങ്ങളുടെ മുകളിൽ തലകീഴായി തൂങ്ങിക്കിടക്കും എന്നത് അന്ധവിശ്വാസം മാത്രമാണ്.

സാധാരണയായി തൊട്ടടുത്തുള്ള ശത്രുവിനെ മാത്രമേ പാമ്പ് ആക്രമിക്കാറുള്ളൂ. എന്നാൽ അപൂർവം ചില അവസരങ്ങളിൽ തന്റെ കൂടിന് കാവലിരിക്കുന്ന, രാജവെമ്പാലയെ പോലെയുള്ള പാമ്പുകൾ ഏതാനും അടി ദൂരം ആക്രമിക്കാൻ വന്നേക്കാം.

ബാഹ്യകർണ്ണം ഇല്ലാത്തതുകൊണ്ട് തന്നെ ചൂളംവിളി പോലെയുള്ള ശബ്ദങ്ങൾ കേൾക്കാൻ പാമ്പിന് സാധിക്കുകയില്ല. ചൂളം വിളിച്ചാൽ പാമ്പ് വരികയുമില്ല.

വളവളപ്പൻ എന്ന് വിളിക്കുന്നത് വെള്ളിക്കെട്ടനെ (Krait) ആണ്. ഒരുപക്ഷേ ഈ പാമ്പിന്റെ ദേഹത്തെ വളയങ്ങളും ആയി ബന്ധപ്പെട്ടോ അല്ലെങ്കിൽ കടിയേറ്റാൽ വളരെ വേഗത്തിൽ മരണം സംഭവിക്കും എന്ന വിശ്വാസത്തിന്റെ പുറത്തോ രൂപപ്പെട്ട ഒരു ചൊല്ലാവാം ഇത്. യഥാർത്ഥത്തിൽ സമയോചിതമായ, ശാസ്ത്രീയമായ ചികിത്സ നൽകിയാൽ വെള്ളിക്കെട്ടന്റെ കടിയേറ്റ ആളെ രക്ഷപ്പെടുത്താൻ സഹായിക്കും.

എട്ടടി മൂർഖൻ (Striped Coral Snake) കടിച്ച് മനുഷ്യ മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷമാണ് ഇവരുടേത്. എങ്കിലും മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ പൊതുവേ കാണുന്നത് കുറവായതു കൊണ്ടും ചെറിയ തലയും ചെറിയ വായും ഉള്ള ഒരു പാമ്പ് ആയതു കൊണ്ടും മൂർഖനെയോ അണലിയെയോ പോലെ അത്ര അപകടകാരിയല്ല എന്നാണ് വിലയിരുത്തുന്നത്. എട്ടടി നീളമുള്ള മൂർഖൻ കടിച്ചാൽ എട്ടടി വെക്കുന്നതിനു മുൻപ് മരണം എന്ന രീതിയിലും ഈ ചൊല്ല് വിലയിരുത്താറുണ്ട്. വലിയ മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വളരെ വേഗത്തിൽ മരണം സംഭവിക്കും എന്ന വിശ്വാസം മൂലം ഇങ്ങനെ കരുതുന്നവരുണ്ട്. യഥാർത്ഥത്തിൽ സമയോചിതമായ, ശാസ്ത്രീയമായ ചികിത്സ നൽകിയാൽ മൂർഖന്റെ കടിയേറ്റ ആളെ രക്ഷപ്പെടുത്താൻ സഹായിക്കും.

പാമ്പിന്റെ തലയിൽ നാഗമാണിക്യം എന്നറിയപ്പെടുന്ന ഒരു പ്രത്യേകയിനം കല്ല് ഉണ്ടെന്നും അതിന് പലവിധ സവിശേഷതകൾ ഉണ്ടെന്നും പറയുന്നത് അവാസ്തവമാണ്. ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കെട്ടുകഥയാണ് ഇത്, കൂടാതെ ആളുകളെ പറ്റിച്ച് പണം തട്ടിയെടുക്കാനുള്ള മാർഗം കൂടിയാണ് നാഗമാണിക്യത്തിന്റെ കഥ.

കാഴ്ചയിൽ ഒരു പാമ്പിന്റെ പ്രായം നിർണയിക്കാൻ ഒരു തരത്തിലും സാധിക്കില്ല. മുതിർന്നതാണ്, കുഞ്ഞാണ് എന്നൊക്കെ പറയാം എന്നല്ലാതെ വയസും ദിവസവും ഒക്കെ വെച്ച് പ്രായം പറയുന്നത് വെറും ഷോ മാത്രമാണ്. നട്ടെല്ലിലെ അസ്ഥിയുടെ സെക്ഷൻ എടുത്ത് അതിലെ വളയങ്ങൾ പ്രത്യേക രീതിയിൽ കണക്ക് കൂട്ടിയാണ് വയസ്സ് കണ്ടുപിടിക്കുന്ന പഠനങ്ങൾ നടത്തുന്നത്. Skeletochoronolgy എന്ന് പറയും. അതായത് മരിച്ച പാമ്പിലേ ഇത് നടത്താൻ സാധിക്കൂ എന്നു ചുരുക്കം. അല്ലാത്ത പക്ഷം ഒരു പാമ്പ് ജനിച്ചത് മുതൽ മരണം വരെ അതിനെ ഫോളോ ചെയ്യണം. മൃഗശാലയിലും മറ്റും വളർത്തുന്ന പാമ്പുകളാണെങ്കിൽ അത് സാധ്യമാണ്.

വിഷമുള്ള പാമ്പുകളുടെ കുഞ്ഞുങ്ങൾ കടിച്ചാൽ അപകടമില്ല എന്ന ധാരണ തെറ്റാണ്. ചെറിയ പാമ്പുകൾക്കും വിഷപ്പല്ലും വിഷസഞ്ചിയും ഉണ്ട്. അവയുടെ കടിയേറ്റാലും ശരീരത്തിൽ വിഷം കയറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറിയ പാമ്പാണ്, ഓമനത്തം ഉണ്ട് എന്ന് കരുതി കയ്യിൽ എടുക്കാനും പിടിക്കാനും പാടില്ല. മുതിർന്ന പാമ്പിനോട് ഇടപെടുന്ന അത്രയും ജാഗ്രത തന്നെ പുലർത്തണം.

അല്ല. തികച്ചും തെറ്റായ പ്രചരണമാണത്. ഉദാഹരണമായി ഇന്ത്യയിൽ ഏറ്റവും വീര്യം കൂടിയ വിഷം ഉള്ള പാമ്പ് ആയ വെള്ളിക്കെട്ടനെ പരിഗണിക്കാം, അവരുടെ കൃഷ്ണമണി വൃത്താകൃതിയിലാണ്. മൂർഖൻ പാമ്പിന്റെ കൃഷ്ണമണിയും വൃത്താകൃതിയിലാണ്. അതായത് വിഷമില്ലാത്ത പാമ്പുകൾക്കെല്ലാം വൃത്താകൃതിയിലുള്ള കൃഷ്ണമണി ആണ് എന്നത് തെറ്റാണ്. നമ്മുടെ നാട്ടിൽ കാണുന്ന വിഷമുള്ള അണലികളുടെ കൃഷ്ണമണി കുത്തനെ ഉള്ളതാണ്. എന്നാൽ വിഷമില്ലാത്ത പെരുമ്പാമ്പ്, മണ്ണൂലി തുടങ്ങിയ പാമ്പുകളുടെ കൃഷ്ണമണിയും ഇതുപോലെ തന്നെ കുത്തനെ ഉള്ളതാണ്. ചുരുക്കിപ്പറഞ്ഞാൽ കൃഷ്ണമണിയുടെ ആകൃതി പരിഗണിച്ച് പാമ്പിന്റെ വിഷം നിർണയിക്കാൻ സാധിക്കില്ല എന്ന് ചുരുക്കം. ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം താരതമ്യേന കുറച്ച് പാമ്പുകൾ ഉള്ള രാജ്യങ്ങളിൽ നിന്ന് ഉള്ളതാവണം. അത് ഇന്ത്യയിലോ കേരളത്തിലോ ഉള്ള പാമ്പുകൾക്ക് ബാധകമല്ല.